|
|
ജില്ലകള്‍:1. കാസര്‍ഗോഡ് , 2. കണ്ണൂര്‍ , 3. വയനാട് , 4. കോഴിക്കോട് , 5. മലപ്പുറം , 6. പാലക്കാട് , 7. തൃശൂര്‍ , 8. എറണാകുളം , 9. ഇടുക്കി , 10.കോട്ടയം , 11.ആലപ്പുഴ , 12.പത്തനംതിട്ട , 13.കൊല്ലം , 14.തിരുവനന്തപുരം . കേരളം: ഇന്ത്യയുടെ തെക്കേ അറ്റത്ത് ഭൂമിശാസ്‌ത്രപരമായി ഏറെക്കുറെ ഒറ്റപ്പട്ടുകിടക്കുന്ന പ്രദേശമാണ് കേരളം. ഇന്ത്യയിലെ പ്രധാന പര്‍വത നിരകളിലൊന്നായ പശ്ചിമഘട്ടം കേരളത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ അറബിക്കടലാണ് അതിര്‍ത്തി തീര്‍ക്കുന്നത്. സവിശേഷമായ ഈ ഭൂമിശാസ്‌ത്ര പശ്ചാത്തലം കേരളത്തിന്റെ കാലാവസ്ഥയെയും ജീവിതരീതികളെയും സംസ്‌കാത്തെയുമെല്ലാം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഉത്തര അക്ഷാംശം 8017'നും 12047'നും പൂര്‍വരേഖാംശം 74051'നും 77024'നും ഇടയിലാണ് ഹരിതാഭമായ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ പ്രാചീന ചരിത്രം സമഗ്രമോ പൂര്‍വാപര പൊരുത്തമുള്ളതോ അല്ല. പ്രാചീന കേരളത്തില്‍ ചരിത്രകാരന്‍മാര്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഈ ദുര്യോഗത്തിനു കാരണം. കേരളോല്‍പ്പത്തി, കേരള മാഹാത്മ്യം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളില്‍ കേരളത്തിന്റെ പ്രാചീനകാല സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും കഥ എഴുതുന്ന ലാഘവത്തോടെ എഴുതിയതും ഐതിഹ്യങ്ങള്‍ അവലംബിച്ചുള്ളതുമാണ്. അതുകൊണ്ടുതന്നെ കേരളം എന്ന പേരിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുപോലും ഏകാഭിപ്രായമില്ല. കേരവൃക്ഷങ്ങളുടെ നാട് എന്ന അര്‍ഥത്തില്‍ കേരളം എന്ന പേരുവന്നു എന്നതാണ് സാമാന്യമായി സ്വീകരിച്ചുവരുന്ന പ്രധാന അഭിപ്രായം. സസ്യ ജന്തു വൈവിധ്യത്തില്‍ ഏറെ സമ്പന്നമാണ് കേരളം. നമ്മുടേതെന്നു മാത്രം അവകാശപ്പെടാവുന്ന നൂറുകണക്കിന് സസ്യങ്ങളും ജന്തുക്കളും ഇവിടെയുണ്ട്. ജലത്തിന്റെ സമൃദ്ധിയും ഫലഭൂയിഷ്‌ഠമായ വിവിധയിനം മണ്ണും അതിശൈത്യമോ അത്യുഷ്‌ണമോ ഇല്ലാത്ത കാലാവസ്ഥയും ഒക്കെയാണ് സസ്യവൈവിധ്യത്തിനു കാരണം. സാംസ്‌കാരികരംഗത്തും കലാരംഗത്തും കേരളത്തിന് തനതു സ്ഥാനമുണ്ട്. ഭാരതത്തിനാകമാനം മാതൃകയായ ക്ഷേത്രപ്രവേശന വിളംബരം കേരളത്തിന്റെ ഉന്നതമായ സാംസ്‌കാരികാവബോധത്തിന്റെ വിളംബരം തന്നെയായിരുന്നു. ലോകത്ത് ആദ്യമായി വിപുലമായ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തില്‍ വന്നതും കേരളത്തിലാണ്. കലാരംഗത്ത് കേരളത്തിന്റെ പ്രൗഢിയായി കഥകളി ലോകമെമ്പാടും വാഴ്‌ത്തപ്പെടുന്നു. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ അഞ്ച് ജില്ലകളാണുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു അത്. 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ലയെ വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രൂപീകരിച്ചു. അതേ വര്‍ഷം ആഗസ്‌ത് 17ന് ആലപ്പുഴ ജില്ല നിലവില്‍ വന്നു. 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ലയും, 1969 ജൂണ്‍ 16ന് മലപ്പുറം ജില്ലയും രൂപീകൃതമായി. 1972 ജനവരി 26ന് ഇടുക്കിയ ജില്ലയും, 1980 നവംബര്‍ ഒന്നിന് വയനാട് ജില്ലയും നിലവില്‍ വന്നതോടെ കേരളത്തില്‍ ജില്ലകളുടെ എണ്ണം പന്ത്രണ്ടായി. 1982 നവംബര്‍ ഒന്നിന് പത്തനംതിട്ടയെ ഒരു ജില്ലയായി പ്രഖ്യാപിച്ചു. 1984 മെയ് 24ന് കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസര്‍കോടും നിലവില്‍ വന്നു. |